ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പുതിയ പവർ ടീമിനെ കഴിഞ്ഞ ആഴ്ച ആയിരുന്നു തിരഞ്ഞെടുത്തത്. മത്സരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പുതിയ പവർ ടീം തിരഞ്ഞെടുക്കപ്പെട്ടത്. ജാൻമണി, ശരണ്യ, പൂജ, അഭിഷേക്, ഋഷി എന്നിവരാണ് പുതിയ പവർ ടീമിൽ ഉള്ളത്. എന്നാൽ സഭ്യമല്ലാത്ത പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ അഭിഷേകിന് പവർ ടീം അംഗമാകുവാൻ കഴിയില്ല എന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.
അങ്ങനെ അഭിഷേകിന് പകരം മറ്റൊരാളെ തിരഞ്ഞെടുക്കുവാൻ ബിഗ് ബോസ് അവസരം നൽകുകയായിരുന്നു. ഇതിനുവേണ്ടി ഒരു ടാസ്ക് ആയിരുന്നു നൽകിയത്. ഓരോ ടീമിനും സംസാരിക്കാൻ വേണ്ടി 20 മിനിറ്റ് സമയം നൽകുകയായിരുന്നു. അതിനുള്ളിൽ പവർ ടീമിലേക്ക് വരാൻ താല്പര്യമുള്ളവർക്ക് സംസാരിക്കാം. ഏത് ക്രമത്തിൽ ആയിരിക്കണം സംസാരിക്കുന്നത് എന്നത് ബിഗ് ബോസ് നൽകിയ കാർഡ് എടുത്തു വേണം തീരുമാനിക്കാൻ.
ഇത്തരത്തിൽ ഡെൻ, നെസ്റ്റ്, ടണൽ ടീമുകൾ ആയിരുന്നു യഥാക്രമം സംസാരിച്ചത്. സിബിൻ, അൻസിബ, ജാസ്മിൻ, ശ്രീതു, ശ്രീരേഖ എന്നിവർ ആയിരുന്നു സംസാരിച്ചിരുന്നത്. ഇതിനുശേഷം ആണ് ഒരാളെ തിരഞ്ഞെടുക്കുവാൻ പവർ ടീമിനോട് ബിഗ് ബോസ് നിർദേശിച്ചത്. അങ്ങനെ സിബിൻ എന്ന പേരാണ് എല്ലാവരും മുന്നോട്ടു വച്ചത്.
പവർ ടീം സിബിനെ തിരഞ്ഞെടുക്കാൻ ഒരു കാരണം കൂടിയുണ്ട്. സിബിൻ ഒരു പുരുഷൻ ആയതുകൊണ്ട് തന്നെ കായികപരമായ മത്സരങ്ങളിൽ മത്സരിക്കുവാൻ ഒരു പുരുഷൻ കൂടെയുണ്ടെങ്കിൽ അത് കൂടുതൽ മികച്ചതാവും എന്ന അഭിപ്രായം ആണ് പവർ ടീമിൽ എത്തിച്ചത്. ഇതുകൂടാതെ ഇദ്ദേഹത്തിൻറെ പ്രസംഗവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.