ഏറെ നാളുകൾക്കു ശേഷം തിയേറ്ററുകളിൽ ഒരു ഫീൽ ഗുഡ് കോമഡി എന്റർടൈൻമെന്റ് സിനിമ എത്തിയിരിക്കുകയാണ്. സ്റ്റെഫി സേവ്യർ ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. രജിഷാ വിജയൻ, ഷറഫുദ്ദീൻ, വിജയരാഘവൻ, ബിന്ദുപണിക്കർ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പത്തനംതിട്ടയിലാണ് കഥ നടക്കുന്നത്. മനു, മീര എന്നീ സഹോദരങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഒരു ഓർത്തഡോൿസ് നായർ കുടുംബത്തിലാണ് കഥ നടക്കുന്നത്. എൻഎസ്എസ്സിന്റെ ലോക്കൽ വിങ് സെക്രട്ടറി കൂടിയാണ് മനു. എൻഎസ്എസ് ലോക്കൽ വിങ് പ്രസിഡനറ്റിന്റെ മകളെ ആണ് മനു പ്രണയിക്കുന്നത്. ഇതിനിടയിൽ സഹോദരി മീരയ്ക്ക് ഒരു ചെറുക്കനെ കണ്ടെത്തുവാനുള്ള തത്രപാടിലാണ് മനു. ഈ പശ്ചാത്തലത്തിലാണ് മധുരമനോഹര മോഹം കഥ പറയുന്നത്.
നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ജാതീയതയെ ആണ് ചിത്രം അഡ്രസ്സ് ചെയ്യുന്നത്. എന്നാൽ ഒരിടത്തും ഒരു പൊളിറ്റിക്കൽ സിനിമയായി മുഴച്ചു നിൽക്കാതെ വളരെ സട്ടിൽ ആയിട്ടാണ് ചിത്രം അതിൻറെ ആശയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മീര എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ആണ് സിനിമയുടെ മേക്കേർസ് എക്സ്പ്ലോർ തിരിക്കുന്നത്. പലയിടത്തും “നല്ല പെൺകുട്ടി” എന്ന ഒരു സോഷ്യൽ നിർമ്മിതിയെ തച്ചുടക്കാനുള്ള ശ്രമവും സിനിമയുടെ എഴുത്തുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
മുകുന്ദനുണ്ണി അസോസിയേറ്റ്സ്, ജയജയജയജയ ഹേ എന്നീ സിനിമകളുടെ ഫ്ലേവർ ഇടയ്ക്കിടയ്ക്ക് മധുരമനോഹര മോഹത്തിലും അനുഭവപ്പെടുന്നുണ്ട്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമ സ്വീകരിച്ചതുപോലെ പല കാര്യങ്ങളും വെട്ടിത്തുറന്നു പറയുക എന്ന ഒരു അപ്രോച്ച് ആണ് ഈ സിനിമയും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ മുകുന്ദനുണ്ണിയിലെ പോലെ അങ്ങേയറ്റം വിമർശനത്തിലേക്ക് ചിത്രം കടക്കുന്നുമില്ല. സ്ത്രീകഥാപാത്രങ്ങളെ അപ്രോച്ച് ചെയ്തിരിക്കുന്നത് ഏകദേശം ജയ ജയ ജയ ജയ ഹേ എന്ന സിനിമയുമായി സാമ്യം ഉള്ളത് പോലെയാണ്. എന്നാൽ അങ്ങനെ ഉള്ളപ്പോഴും ജയ ജയ ജയ ജയ ഹേ സ്വീകരിച്ചതുപോലെ ഒരു ക്ലൈമാക്സ് അല്ല സിനിമയ്ക്ക് ഉള്ളത്. കുറച്ചുകൂടി കുടുംബപ്രേക്ഷകർക്ക് കണക്ട് ആവുന്ന തരത്തിലാണ് ഈ സിനിമയുടെ ക്ലൈമാക്സ് അപ്രോച്ച്.