കൊല്ലത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാല്‍ രോഗി ചികിത്സയിലുളളത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇക്കാര്യത്തില്‍ കൊല്ലം ഡിഎംഒയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍.
എന്നാല്‍ കൊല്ലം സഹകരണ ആശുപത്രി വിവരമറിയിച്ചിട്ടില്ലെന്നാണ് ഡിഎംഒയുടെ വിശദീകരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് രോഗി എത്തിയത് സ്വന്തം നിലയ്ക്കാണ്. രോഗലക്ഷണം ഉണ്ടെന്ന് അറിയിച്ചിട്ടും ആദ്യം പോയ സഹകരണ ആശുപത്രിയില്‍ നിന്ന് ആബുലന്‍സ് നല്‍കിയില്ലെന്നും ഡിഎംഒ പറഞ്ഞു.
അതേസമയം, രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. രോഗി സഞ്ചരിച്ച ഓട്ടോയുടെയും ടാക്സിയുടെയും ഡ്രൈവര്‍മാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജില്ലയില്‍ കര്‍ശന പരിശോധന നടത്തുമെന്നും വിദേശത്തുനിന്നെത്തുന്നവരെ പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജൂലൈ 5നാണ് കൊല്ലം സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. വീട്ടില്‍ എത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രയിലേക്ക് പോയത്. ആറ് പേരുമായി അടുത്ത സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇവര്‍ കുടുംബത്തില്പ്പെട്ടവര് തന്നെയാണ്. എല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ തന്നെയാണ്. പുനലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വളരെ അടുത്ത് സമ്പര്‍ക്കമുണ്ടെങ്കില്‍ മാത്രമേ രോഗം പകരൂ. നിലവില്‍ രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ 21 ദിവസമാണ് ഇന്‍കുബേഷന്‍ പിരീയഡ്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ല.