മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് യശോധ. ഈ സിനിമയ്ക്കെതിരെ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രി കേസ് നൽകിയിരുന്നു. ഈ പരാതി ഇപ്പോൾ പിൻവലിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സിനിമയിലൂടെ തങ്ങളെ അപമാനിച്ചു എന്നതായിരുന്നു ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ പറഞ്ഞത്.
ഇവർ നൽകിയ പരാതിയെ തുടർന്ന് സിനിമയുടെ റിലീസ് ഉൾപ്പെടെ പ്രതിസന്ധിയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ നിന്നും ആശുപത്രിയുടെ പേര് നീക്കം ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാം അവസാനിച്ചത്. സിനിമയുടെ നിർമ്മാതാക്കളും ഹോസ്പിറ്റൽ അധികൃതരും നൽകിയ സംയുക്ത പത്ര സമ്മേളനത്തിൽ ആണ് കോടതിയിൽ നിന്നും കേസ് പിൻവലിച്ച വിവരം ഇരുവരും അറിയിച്ചത്.
ആശുപത്രിയുടെ പേര് സിനിമയിൽ നിന്നും നീക്കം ചെയ്തു എന്നും പുതിയ പതിപ്പ് ഉടൻതന്നെ വിതരണക്കാർക്ക് നൽകുമെന്നും നിർമാതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇതിൽ ഹൈദരാബാദിലെ ഒരു പ്രമുഖ പ്രൈവറ്റ് ആശുപത്രിയുടെ പേര് പറയുന്നുണ്ട്. മാത്രവുമല്ല നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം ആയിട്ടാണ് ഈ സ്ഥലത്തെ സിനിമയിൽ കാണിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് സിവിൽ കോടതിയിൽ ആശുപത്രി കേസ് ഫയൽ ചെയ്തത്. കേസിൽ കോടതി ആശുപത്രിക്ക് അനുകൂലമായി വിധി നൽകുകയും ചെയ്തു.
അതേസമയം ഹരി, ഹരീഷ് എന്നിവർ ചേർന്നാണ് ഈ യശോദ എന്ന സിനിമ സംവിധാനം ചെയ്തത്. സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിമുകുന്ദൻ ആണ് അവതരിപ്പിച്ചത്. ഇതുകൂടാതെ വരലക്ഷ്മി ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിൽ മുരളി ശർമ്മ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു.