ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദളപതി 65. തുപ്പാക്കി, കത്തി, സർക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന നാലാം ചിത്രം കൂടിയാണ് ഇത്. സൺ പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ ആണ് ദളപതി 65 സംവിധാനം ചെയ്യുന്നത്. ‘ദളപതി 65’ എന്ന താൽക്കാലിക പേര് മാത്രമാണ്. എന്നാൽ ഇതേ പേര് തന്നെ സ്ഥിരം ആക്കാൻ ഉള്ള ആലോചനയിലാണ് പ്രൊഡക്ഷൻ ടീം. ചിത്രത്തിന് ദളപതി എന്ന പേര് നൽകിയേക്കും എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ.
മണിരത്നം സംവിധാനം ചെയ്ത തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നാണ് ദളപതി. രജനീകാന്ത്, മമ്മൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രം രജനീകാന്തിന്റെ അഭിനയ സാധ്യതകൾ കൂടി പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രമാണ് ആണ്. ‘ദളപതി’ എന്ന പേരിലാണ് വിജയ് സിനിമ മേഖലയിലും പുറത്തും അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ പേര് സിനിമയ്ക്ക് സ്വീകരിച്ചാൽ അത് ചിത്രത്തിന് വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് അണിയറക്കാർ കരുതുന്നത്. എന്നാൽ ഇതു സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള നിയമ തടസങ്ങൾ ഉണ്ടോ എന്നതും സംശയമാണ്.
എസ്. തമൻ ആണ് ദളപതി 65 ഗാനങ്ങൾ ഒരുക്കുന്നത്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നായിക ആരായിരിക്കുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെങ്കിലും മഡോണ സെബാസ്റ്റ്യൻ, തമന്ന ഭാട്ടിയ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ചിത്രം അടുത്ത വർഷം ആരംഭത്തോടെ ആയിരിക്കും ചിത്രീകരണം തുടങ്ങുന്നത്. ഇതുവരെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. ചിത്രത്തിന്റെ പേര് കൂടി വെളിപ്പെടുത്തിക്കൊണ്ട് ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിലാണ് രജനീകാന്ത് നിലവിൽ അഭിനയിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം രജനിയുടെ പഴയകാല മാനറിസങ്ങളിലേക്ക് ഉള്ള ഒരു തിരിച്ചുപോക്ക് കൂടി ആകും എന്നാണ് ആരാധകർ കരുതുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഷൂട്ടിംഗ് നിർത്തിവെച്ച ചിത്രം അടുത്തുതന്നെ ചിത്രീകരണം പുനരാരംഭിക്കും.
വിജയ് നായകനായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ ആണ്. മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാളവിക മോഹനനാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നത്