ഒരു നിർമ്മാതാവ് ഒരു സിനിമ എടുക്കുന്നതിനു മുൻപ് എന്തൊക്കെ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എത്രയെത്ര കഥകൾ കേട്ടിട്ടാണ് അയാൾ ഒരു സിനിമയിൽ അവസാനം ചെന്നെത്തുന്നത്!! കഥ പറയുന്നവർക്ക് ഓരോ സ്വഭാവമായിരിക്കും, ഓരോ അവതരണരീതി ആയിരിക്കും.
ചിലർക്ക് ചിലപ്പോൾ നല്ല കഥകളെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല. ചിലർ അടിച്ചുമാറ്റിയ കഥകൾ പോലും അത് എഴുതിയ വ്യക്തിക്ക് പോലും മനസ്സിലാകാത്ത രീതിയിൽ തള്ളി മറിക്കും. അത്തരത്തിലുള്ള ഒരു കൂട്ടം എഴുത്തുകാരുടെ മുൻപിൽ പെട്ടുപോയ ഒരു നിർമ്മാതാവിന്റെ ദുരവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ!!
യൂട്യൂബിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിൽ നമ്മൾ മലയാളികൾ ഒട്ടും പിന്നിലല്ല. പണം ഉണ്ടാക്കാൻ നിലവിൽ ഇതിലും നല്ലൊരു മാർഗം മലയാളികളുടെ മുന്നിലില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ യൂട്യൂബിൽ നിന്നും ഒരു ക്വാളിറ്റി കണ്ടന്റ് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, ഇവരെ നിങ്ങൾ മിസ്സ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ഏറ്റവും മികച്ച ഒരു സോഷ്യൽ സറ്റയറിക് അനുഭവം കൂടിയാണ്.
ആരാണ് ഇവർ എന്നല്ലേ? ഇവരെ നിങ്ങൾക്ക് അറിയുമായിരിക്കും. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഇവർ ചെയ്ത ‘ക്വിറ്റിങ് സോഷ്യൽ മീഡിയ’ എന്ന വീഡിയോ വലിയ തരംഗമായിരുന്നു. ഇത് ചെയ്ത അതേ ടീമിൽ നിന്നു തന്നെയാണ് ഇപ്പോൾ പുതിയ വീഡിയോയും വന്നിരിക്കുന്നത്. ‘സ്റ്റോറി ടെല്ലേഴ്സ്’ എന്നാണ് ഇവരുടെ ഏറ്റവും പുതിയ വീഡിയോയുടെ പേര്.
തിരഞ്ഞെടുക്കുന്ന വിഷയങ്ങളാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കി നിർത്തുന്നത്. യൂട്യൂബിൽ നമ്മൾ കണ്ടിട്ടില്ലാത്ത വിഷയങ്ങളെ കുറിച്ചാണ് ഇവർ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒറിജിനൽ ആണ് സംഭവം!