മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഐഎഎസ് തലത്തില്‍ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസും കേരള മുസ്ലിം ജമാഅത്തെയും ഉള്‍പ്പെടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ബഷീര്‍ കൊല്ലപ്പെട്ട ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ശ്രീറാമിന് മറവിരോഗമുണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്നത്.
2019 ലാണ് മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിനെ മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയത്. വെങ്കിട്ടരാമന്റ നിയമനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നടപടി പിന്‍വലിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ആവശ്യപ്പെട്ടിരുന്നു.