വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. കൊല്ലം മൈലാപ്പൂരിലാണ് സംഭവം. തട്ടാമല സ്വദേശി സന്തോഷ് കുമാറിനാണ് പാമ്പിന്റെ കടിയേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. മൈലാപ്പൂര് സ്വദേശിയായ അശോകിന്റെ വീട്ടില്‍ പാമ്പിനെ പിടികൂടാന്‍ എത്തിയതായിരുന്നു സന്തോഷ് കുമാര്‍. വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. പിടികൂടുന്നതിനിടെ പാമ്പ് കൈയില്‍ കൊത്തുകയായിരുന്നു. പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് കുമാര്‍ ചികിത്സ തേടിയത്.
വീടിന് വെളിയില്‍ പഴയ ഫ്രിഡ്ജില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഓരോ ദിവസവും ഇതില്‍ നിന്ന് മത്സ്യങ്ങളുടെ എണ്ണം കുറഞ്ഞുവന്നതോടെ വലയിട്ടുയ ഈ വലയിലാണ് പാമ്പ് കുടുങ്ങിയത്.