ആദ്യ പരമ്പരയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് സജിന്‍. ഈ പേരിനേക്കാള്‍ സ്വാന്തനം സീരിയലില്‍ താരം അവതരിപ്പിക്കുന്ന ശിവന് എന്ന കഥാപാത്രത്തിന്റെ പേരിലാണ് ഇന്ന് പ്രേക്ഷകര്‍ക്കു മുമ്പില്‍ താരം അറിയപ്പെടുന്നത്. പരമ്പരയിലെ ശിവാഞ്ജലി ജോഡികള്‍ക്ക് ഫാന്‍സ് ഗ്രൂപ്പ് വരെ ഉണ്ട്. ഇവരുടെ പ്രണയ നിമിഷങ്ങള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. റിയല്‍ ലൈഫിലും ഒരു ചോക്ലേറ്റ് പയ്യന് തന്നെയാണ് സജിന്‍. സിനിമയെ വെല്ലുന്ന ഒരു പ്രണയകഥ സജിനും ഉണ്ട്.
നടി ഷഫ്നയാണ് സജിന്റെ ഭാര്യ. രണ്ടുപേരും സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. സജിന്റെ ആദ്യസിനിമയില്‍ ഷഫ്ന അഭിനയിച്ചിരുന്നു. ഇവിടെവെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. സജിന്‍ തന്നെയാണ് തന്റെ പ്രണയം ഷഫ്നയോട് തുറന്നുപറഞ്ഞത്. ഷഫ്നയും യെസ് പറഞ്ഞതോടെ പിന്നീട് പ്രണയകാലം ആയിരുന്നു ഇവര്‍ക്ക്.
അന്ന് തിരുവനന്തപുരത്തേക്ക് ഷഫ്നയെ കാണാന്‍ ഇടയ്ക്കിടെ പോകുമായിരുന്നു സജിന്‍. ജോലി ഒന്നുമില്ലാത്തതുകൊണ്ട് കൈയില്‍ ക്യാഷ് ഉണ്ടായിരുന്നില്ല. എന്നാല്‍ കിട്ടുന്ന പൈസ വെച്ച് വണ്ടി കയറുമായിരുന്നു സജിന്‍. അങ്ങനെയൊക്കെ ആയിരുന്നു ഇവരുടെ പ്രണയകാലം. ഇതിനിടെ ഷഫ്നക്ക് വീട്ടില്‍ കല്യാണ ആലോചന വന്നു. ആ സമയത്ത് 24 വയസ്സ് ആയിരുന്നു സജിന്‍. വീട്ടില്‍ സമ്മതിക്കില്ല എന്ന് ഉറപ്പായതോടെ രജിസ്റ്റര്‍ വിവാഹം ചെയ്തു ഇരുവരും. എന്നാല്‍ അന്ന് രണ്ടുപേരും അവരവരുടെ വീട്ടിലേക്ക് തന്നെ തിരിച്ചുപോയി, ആരും അറിഞ്ഞു കാണില്ല എന്നാണ് കരുതിയത്.
എന്നാല്‍ ഷഫ്ന ഒരു സെലിബ്രിറ്റി ആയതിനാല്‍ ആ വിവരം അപ്പോള്‍ തന്നെ വീട്ടില്‍ അറിഞ്ഞു. രണ്ടു പേരെ പറഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചു. ഷഫ്ന കൂടെയില്ലാതെ തനിക്ക് പറ്റില്ലെന്ന് തോന്നിയപ്പോള്‍, വീട്ടുകാരെയും കൂട്ടി പോയി ഷഫ്നയെ വിളിച്ചിറക്കി കൊണ്ടു വരുകയായിരുന്നു സജിന്‍.