കെഎസ്ആര്‍ടിസി ബസിനെ ചുറ്റിച്ച് യുവാവിന്റെ സ്കൂട്ടര്‍ പ്രകടനം. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന RSE629 KL-15- A 242 നമ്പര്‍ കെഎസ്ആര്‍ടിസി ബസിനെയാണ് യുവാവ് വട്ടം കറക്കിയത്. കെഎല്‍ 45 കെ 4538 നമ്പര്‍ സ്കൂട്ടറില്‍ വന്ന വ്യക്തി വളരെ അപകടകരമായി ബസിന്റെ മുന്പില് ശക്തന് സ്റ്റാന്‍ഡ് മുതല്‍ തലോര്‍ വരെ ഏതാണ്ട് 4.5 കിലോമീറ്റര്‍ വിവിധ രീതിയില്‍ സ്കൂട്ടര്‍ ഓടിക്കുകയായിരുന്നു.
ഹെല്‍മറ്റ് വയ്ക്കാതെയായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ബസിന്റെ വേഗത കുറഞ്ഞതോടെ യാത്രക്കാര്‍ രോഷാകുലരായി. അപകടം വിളിച്ചു വരുത്തുന്ന രീതിയിലായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നയാളുടെ യാത്രയെന്ന് യാത്രക്കാര്‍ ചിത്രീകരിച്ച വിഡിയോയില്‍ വ്യക്തമാണ്.
ഡ്രൈവര്‍ സംയമനം പാലിച്ചത് കൊണ്ടാണ് അപകടം ഒഴിവായത്. വിഡിയോ പരിശോധിച്ചു തക്കതായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കാനാണ് കണ്ടക്ടറുടേയും ഡ്രൈവറുടേയും തീരുമാനം.