വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസിനെ റോഡില്‍ ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍. മലപ്പുറത്താണ് സംഭവം. പെരിന്തല്‍മണ്ണ താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഡോ. സക്കീറാണ് ബസ് തടഞ്ഞ് ഹിറോ ആയിരിക്കുന്നത്. ഇതിന്റെ വിഡിയോ വൈറലായിരിക്കുകയാണ്.
ബസ് നിര്‍ത്താതെ പോകുന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞിരുന്നു. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘രാജപ്രഭ’ ബസിനെതിരെയായിരുന്നു പരാതി.സ്റ്റോപ്പില്‍ സ്ഥിരമായി നിര്‍ത്തുന്നില്ലെന്നും അപകടകരമായ രീതിയില്‍ ഓടിച്ചു പോകുന്നതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് ബസ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചത്. ഇതോടെ പ്രിന്‍സിപ്പല്‍ രംഗത്തിറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനില്ക്കുന്ന സ്ഥലത്തെത്തിയ പ്രിന്‍സിപ്പല്‍ ബസ് വന്നപ്പോള്‍ തടയുകയായിരുന്നു. ബസ് ജീവനക്കാരോട് സംസാരിക്കുന്ന പ്രിന്‍സിപ്പലിനെ വിഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.