തമിഴിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് എന്തിരൻ. രജനീകാന്ത് നായകനായ ചിത്രം 2010 വർഷത്തിലായിരുന്നു പുറത്തിറങ്ങിയത്. പിന്നീട് 2018 വർഷത്തിൽ യന്തിരൻ രണ്ടാംഭാഗവും പുറത്തിറങ്ങി. ഇപ്പോൾ ചിത്രത്തിൻ്റെ മൂന്നാംഭാഗം പുറത്തിറങ്ങാൻ പോവുകയാണ് എന്നു കരുതാൻ വരട്ടെ. ചില ഷൂട്ടിംഗ് സെറ്റ് ചിത്രങ്ങൾ കണ്ടപ്പോൾ പലരും അങ്ങനെയാണ് വിചാരിച്ചത്. എന്നാൽ ചിത്രത്തിൽ കാണുന്നത് എന്തിന് 3 ഷൂട്ടിങ് അല്ല. മറ്റൊരു സംഭവമാണ് ചിത്രത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
തമിഴ്നാട്ടിലെ പ്രമുഖ വസ്ത്ര വ്യാപാരികളിൽ ഒരാളാണ് ശരവണ സ്റ്റോർസ്. ശരവണൻ എന്ന വ്യക്തിയാണ് ഇതിൻറെ മാനേജിങ് ഡയറക്ടർ. വലിയ രീതിയിൽ ഇവർ പരസ്യങ്ങൾ ചെയ്യാറുണ്ട്. തമിഴ് ടിവി ചാനലുകൾ കാണുന്നവർ ഇവരുടെ പരസ്യങ്ങൾ ഒരുതവണയെങ്കിലും കണ്ടിട്ടുണ്ടാകും. വലിയ വലിയ താരങ്ങളാണ് ശരവണ സ്റ്റോർസ് പരസ്യങ്ങളിൽ വന്നു പോകാറുള്ളത്. തമന്ന, ഹൻസിക അടക്കമുള്ള താരങ്ങൾ ശരവണ സ്റ്റോർസ് പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു പരസ്യത്തിൽ ശരവണ സ്റ്റോർസ് മുതലാളി ശരവണനും തമന്നക്കും ഹൻസികക്കും ഒപ്പം അഭിനയിച്ചു. ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു.
പരസ്യം വൈറലായതോടെ എന്തുകൊണ്ട് തൻറെ ഭാഗ്യം ബിഗ് സ്ക്രീനിലും തെളിയിച്ചു കൂടാ എന്ന ആലോചനയിലായി ശരവണൻ. അതിനു സ്വന്തം കയ്യിൽ നിന്നും പൈസ മുടക്കി ഒരു പടം പിടിക്കുവാൻ ശരവണൻ തീരുമാനിച്ചു. മറ്റാരുമല്ല താൻ തന്നെ ആയിരിക്കും ചിത്രത്തിലെ നായകൻ. ജെ. ഡി. എന്ന പേരിൽ അറിയപ്പെടുന്ന രണ്ടു സംവിധായകർ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് ശരവണ സ്റ്റോർ പരസ്യങ്ങൾ ഒരുക്കാർ ഉള്ളത്. ഇപ്പോൾ ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പുറത്തുവന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ നായികയാകാൻ സാക്ഷാൽ നയൻതാരയെ വരെ ശരവണൻ സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ പിന്നീട് ഗീതിക തിവാരി എന്ന നടി ആയിരിക്കും ചിത്രത്തിലെ നായിക എന്ന് അറിയിക്കുക ആയിരുന്നു. ഹാരിസ് ജയരാജ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. വേൽരാജ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും തമിഴിൽ പുതിയ ഒരു താരം കൂടി ഈ വർഷം ഉണ്ടാകുമെന്ന് ഉറപ്പിക്കാം.