‘വാര്‍ത്തകള്‍ വളച്ചൊടിച്ചു; പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ദുഃഖമുണ്ട്’: മന്ത്രി സജി ചെറിയാന്‍

വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തന്റെ പരാമര്‍ശത്തെ ചൊല്ലിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ദുഃഖമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

കാര്യങ്ങള്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിക്കുകയാണുണ്ടായത്. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ നടപ്പിലാകുന്നില്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. ചിലപ്പോള്‍ മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചതാവാമെന്നും പിന്നീട് അത് ദുര്‍ വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും എം.എ ബേബി പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു മന്ത്രി പറഞ്ഞത്. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താന്‍ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാര്‍ പറയുന്നതിനനുസരിച്ച് ചിലര്‍ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു.