സില്‍വര്‍ ലൈനിനായി വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാന്. സില്‍വര്‍ ലൈന്‍ അലെയ്ന്‍മെന്റില്‍ തന്റെ വീടുവന്നാല്‍ പൂര്‍ണമനസോടെ വിട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാന് വേണ്ടി സില്‍വര്‍ ലൈന്‍ ഭൂപടത്തില്‍ മാറ്റം വരുത്തിയതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞിരുന്നു. ഇതിനോടാണ് മന്ത്രിയുടെ പ്രതികരണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സാധിക്കുമെങ്കില്‍ തന്റെ വീട്ടിലൂടെ അലൈന്മെന്റ് കൊണ്ടുവരാം. വീട് വിട്ടുനല്‍കിയാല്‍ കിട്ടുന്ന പണം തിരുവഞ്ചൂരിന് നല്‍കാമെന്നും മന്ത്രി പരിഹസിച്ചു.
ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്. മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാന്‍ അലെയ്ന്‍മെന്റില്‍ മാറ്റം വരുത്തി. റെയില്‍പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാന് വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.