ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങള്‍ എല്ലാം വലിയ വിജയം ആയിരുന്നു. തെലുങ്ക് സിനിമയുടെ ഭാഗ്യ ജോഡികള്‍ക്ക് നിരവധി ആരാധകരുമുണ്ട്.
സിനിമയിലെ ജോഡികള്‍ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ഇരുവരുടെയും ആരാധകരുടെ ആഗ്രഹം. ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് ഇടയ്ക്ക് എത്താറുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി എന്ന റിപ്പോര്‍ട്ട് എത്തിയിരുന്നു. ഇരുവരും വിവാഹ വേഷത്തില്‍ നില്ക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യല്‍ പ്രചരിച്ചിരുന്നു.
പ്രചരിക്കുന്ന ചിത്രത്തില്‍ ഓഫ് വൈറ്റ് നിറത്തില്ലുള്ള ഷെര്‍വാണിയും തലപ്പാവുമാണ് വിജയ് ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമാണ് രശ്മിക അണിഞ്ഞിരിക്കുന്നത്. മാത്രമല്ല രശ്മികയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് വിജയ്. ഇരുവരുടെയും കഴുത്തില്‍ പൂമാലകളുമുണ്ട്.
ഇതോടെ നിരവധി പേരാണ് ഇരുതാരങ്ങള്‍ക്കും വിവാഹ ആശംസ നേര്‍ന്ന് എത്തിയത്. വലിയ രീതിയില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ഒരു മോര്‍ഫ് ചെയ്ത ചിത്രമായിരുന്നു.
ഒരു ഫാന്‍ മെയ്ഡ് ഫോട്ടോയാണ് വിവാഹചിത്രം എന്ന പേരില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഇവരെ വിവാഹം കഴിച്ച് കാണണമെന്ന ആഗ്രഹം കൊണ്ട് ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണ് എന്നാണ് വിവരം.
എന്നാല്‍ ചിത്രം എഡിറ്റഡ് ഫോട്ടോയാണെന്ന് അറിയാതെ നിരവധി ആരാധകരായിരുന്നു ഈ ചിത്രം പങ്കുവച്ച് താരങ്ങള്‍ക്ക് വിവാഹ മംഗളാശംസകള്‍ നേര്‍ന്നത്.
‘ഗീതഗോവിന്ദം’ ചിത്രത്തിലൂടെയാണ് രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ജോഡി ശ്രദ്ധിക്കപ്പെടുന്നത്. ‘ഡിയര്‍ കോമ്രേഡ്’ എന്ന സിനിമ കൂടി എത്തിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു.