ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പത്താന്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഗാനം റിലീസ് ആയതിന് പിന്നാലെ ചിത്രത്തിന് നേരെ ബിജെപി അനുയായികള്‍ ബഹിഷ്കരണ ആഹ്വാനം ഉയര്‍ത്തുകയായിരുന്നു.
ഗാനത്തില്‍ ബേഷരം രംഗ് എന്ന വരി എത്തുന്ന ഭാഗത്ത് ദീപിക കാവി ബിക്കിനി ധരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. പിന്നാലെ സിനിമയ്ക്ക് എതിരെ ബഹിഷ്കരണ ആഹ്വാനം ഇവര്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ ദീപികയെയും ചിത്രത്തിനെയും പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്.
ഒരു ജെട്ടിയുടെ പേരില്‍ സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്ന ആളുകളെ ആദ്യമായിട്ടാണ് കാണുന്നത് എന്നായിരുന്നു പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിത വിഷയത്തില്‍ ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്.
ഗാനരംഗത്ത് അഭിനയിക്കാന്‍ ദീപികയെ, ഭര്‍ത്താവായ രണ്‍വീര്‍ എങ്ങനെ അനുവദിച്ചുവെന്ന് ഇയാള്‍ ചോദിക്കുന്നു.എം നാഗേശ്വര റാവു എന്ന മുന്‍ ഐ പി എസ് ഓഫീസറാണ് രണ്‍വീറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
‘കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കുന്ന അല്ലെങ്കില്‍ സഹിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്’, എന്ന് ഇയാള്‍ ട്വീറ്റ് ചെയ്യുന്നു.
ട്വീറ്റ് വിവാദമായതിന് പിന്നാലെ റാവുവിന്റെ പോസ്റ്റ് ട്വിറ്റര്‍ ബാന്‍ ചെയ്യുകയും ചെയ്തു. ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു.
അതേസമയം, ‘പഠാനെ’തിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണ്. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്ന പരാതിയിലാണ് കേസ്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരന്.