ദുല്‍ഖര്‍ സല്മാന് നായകനായി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു കമ്മട്ടിപ്പാടം.കൊച്ചി ഒരു നഗരമായി വളര്‍ന്നപ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.വിനായകന്, മണികണ്ഠന്, അനില്‍ നെടുമങ്ങാട്, ഷോണ്‍ റോമി തുടങ്ങി നിരവധി താരങ്ങളുടെ മികവുറ്റ പ്രകടനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു.
രാജീവ് രവി സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. തീയറ്ററില്‍ എത്തിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 43 മിനിറ്റ് ആയിരുന്നു. എന്നാല്‍ ഫൈനല്‍ എഡിറ്റിന് ശേഷം ചിത്രത്തിന്റെ ദൈര്‍ഘ്യം നാല് മണിക്കൂര്‍ ആയിരുന്നുവെന്നും തിയറ്റര്‍ റിലീസിനുവേണ്ടി ചുരുക്കേണ്ടി വന്നതാണെന്നും റിലീസ് സമയത്ത് രാജീവ് രവി പറഞ്ഞിരുന്നു.
ഡിവിഡി വരുമ്പോള്‍ ചിത്രം നാല് മണിക്കൂര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ ചിത്രത്തിന്റെ നാല് മണിക്കൂര്‍ പതിപ്പിന് കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമയുടെ നാല് മണിക്കൂര്‍ പതിപ്പ് റിലീസ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ നാല് മണിക്കൂര്‍ പതിപ്പ് എന്തുകൊണ്ട് പുറത്ത് വന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്.
ചിത്രത്തിന്റെ റൈറ്റ്സ് മറ്റൊരു കമ്പനിക്കാണ്, അവരുടെ അനുവാദമില്ലാതെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ കൈയ്യില്‍ സാധനം ഇരിക്കുന്നുണ്ട്-എന്നായിരുന്നു രാജീവ് രവി പറഞ്ഞത്. ദി ക്യൂവിന് നല്കിയ അഭിമുഖത്തിലാണ് രാജീവ് രവിയുടെ പ്രതികരണം.
‘അതിന്റെ റൈറ്റ്സ് ഗ്ലോബല്‍ മീഡിയ എന്നൊരു കമ്പനിക്കാണ്. അവരുടെ അനുവാദമില്ലാതെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ കൈയ്യില്‍ സാധനം ഇരിക്കുന്നുണ്ട്. എന്നെ പലരും സമീപിക്കുന്നുമുണ്ട്. ഞാന്‍ അവരുമായിട്ടും നേരിട്ട് കണക്ട് ചെയ്യുന്നുണ്ട്. പക്ഷേ ഇവര്‍ ഇപ്പോള്‍ അനങ്ങുന്നില്ല. ആ കമ്പനിയില്‍ തന്നെ കുറച്ച് പ്രശ്നങ്ങളുണ്ടായെന്ന് തോന്നുന്നു. അവര്‍ ആരെങ്കിലും മുന്നോട്ട് വരുകയാണെങ്കില്‍ എന്റെ കൈയ്യില്‍ മെറ്റിരിയല്‍ ഇരിപ്പുണ്ട്’, രാജീവ് രവി പറയുന്നു.
അതേസമയം രാജീവ് രവിയുടെ ഏറ്റവും പുതിയ ചിത്രമായ തുറമുഖം കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്. നിവിന്‍ പോളി നായകനാവുന്ന ചിത്രം പറയുന്നത് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ്.