തിങ്കളാഴ്ച രാത്രിയാണ് വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസില്‍ ഒമ്പത് പേര് കൂടി അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു. അശ്ലീല ചിത്ര നിര്‍മ്മാണത്തിന്റെ മുഖ്യ ആസൂത്രകന്‍ രാജ് കുന്ദ്രയാണെന്നും പോലീസ് കണ്ടെത്തി.
രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസില്‍ തെളിവുകള്‍ ശക്തമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രലെ പറയുന്നു. ‘പോണോഗ്രാഫിക് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ രാജ് കുന്ദ്രയെ ജൂലൈ 19ന് ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് മതിയായ തെളിവുകളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്,” ഹേമന്ത് നഗ്രലെ വ്യക്തമാക്കി.
അശ്ലീല വീഡിയോകള്‍ ഉണ്ടാക്കി, അത് മൊബൈല്‍ അപ്ലിക്കേഷനുകള്‍ വഴി പങ്കുവെക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് മുംബൈ പോലീസ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.
അതേസമയം നേരത്തെ നടി പൂനം പാണ്ഡെ രാജ് കുന്ദ്രയ്ക്ക് എതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ മാസം കുന്ദ്ര സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. അന്നും ഗുരുതര ആരോപണങ്ങളാണ് രാജ് കുന്ദ്രയ്ക്ക് എതിരെ പൂനം ഉന്നയിച്ചത്.