റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദം സൃഷ്ടിച്ച ചിത്രമാണ് സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ദി കേരള സ്റ്റോറി. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നുതന്നെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ടീസറിന് എതിരെ പ്രതിഷേധം ഉയര്‍ന്ന് വന്നതിനിടയിലും ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ‘ദി കേരള സ്റ്റോറി’ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
‘ദി കേരള സ്റ്റോറി’ ഞങ്ങളുടെ കേരളത്തിന്റെ കഥയല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചിത്രത്തില്‍ പറയുന്ന കേരളം സംവിധായകന്റെ സംഘപരിവാര്‍ ഭാവനയില്‍ അവര്‍ ആഗ്രഹിക്കുന്ന കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ആ കേരളമാകുവാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്നും രാഹുല്‍ പറയുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ വിമര്‍ശനം. നിരവധി പേരാണ് മാങ്കൂട്ടത്തിന് പിന്തുണയുമായി കമന്റില്‍ എത്തുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-
കഴിഞ്ഞ കുറച്ച് ദിവസമായി ‘ദ് കേരള സ്റ്റോറി’ എന്ന സുദിപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചര്‍ച്ചകള്‍ പലയിടത്തായി കണ്ടു. ഇന്നലെ ആ സിനിമയുടെ ട്രെയിലറും കണ്ടു. അതെ കുറിച്ച് ചര്‍ച്ച ചെയ്ത് ആ സിനിമയുടെ വിസിബിലിറ്റിയുടെ ഒരു ഭാഗമാകണോയെന്ന ആശങ്കയില്‍ ആദ്യം ഇഗ്നോര്‍ ചെയ്തു.
അപ്പോഴാണ് പ്രസംഗത്തില്‍ ഞാന്‍ തന്നെ മറ്റ് പലരെയും പോലെ ഉദ്ധരിക്കുന്ന മാര്ട്ടിന് നീമൊള്ളറുടെ പ്രശസ്തമായ വാചകം ഓര്‍ത്തത്. അതുകൊണ്ടാണ് പ്രതികരിക്കാമെന്ന് ഓര്‍ത്തത്, കാരണം ‘ ഒടുവില്‍ അവര്‍ എന്നെ തേടി വരും’ വരെയുള്ള നിശബ്ദത പോലും ഫാഷിസത്തോടുള്ള സമരസമാണ്.
ആദ്യമെ തന്നെ സുദിപ്തോ സെന്നിനോട് പറയട്ടെ, നിങ്ങള്‍ പറയുന്ന ‘ ദ് കേരള സ്റ്റോറി ‘ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല!
ഈ കേരളം നിങ്ങളുടെ സംഘപരിവാര്‍ ഭാവനയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല.
സിനിമയിലൂടെ നിങ്ങള്‍ പറഞ്ഞ് വെക്കുന്നത് ഫസ്റ്റ് ക്ലാസ്സ് അപരവത്കരണമാണ്.
ലക്ഷണമൊത്ത ഫാഷിസ്റ്റ് സ്ട്രാറ്റജി തന്നെ. ഈ തന്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം നിങ്ങള്‍ക്ക് വളരുവാന്‍ പര്യാപ്ത്മായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങള്‍ക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതു വഴി ശത്രുതതയും ഉണ്ടാക്കിയെടുക്കുക, അങ്ങനെ നിങ്ങള്‍ വളരുവാന്‍ ശ്രമിക്കുക…
ഇവിടെ നിങ്ങള്‍ സൃഷ്ടിക്കുന്ന ആ അപര ശത്രു സമൂഹം ദൗര്‍ഭാഗ്യവശാല്‍ മുസ്ലീം സമൂഹമാണ്. ഹിന്ദു – ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ആശങ്ക പടര്‍ത്തി മുസ്ലീം വിരുദ്ധത പാകിയുറപ്പിക്കുക. എന്തായാലും നാം ജാഗ്രത പുലര്‍ത്തുക… അവസാനം അവര്‍ എന്നെ തേടി വരുന്നത് വരെ കാത്തിരിക്കാതെ ആദ്യം തേടി വരുന്നവര്‍ക്കൊപ്പം നില്ക്കുക…..
Sorry sangh guys this is not our story….!