ജീവിച്ചിരിക്കുന്ന യുവാവിനെ പരേതനാക്കി കൊല്ലം പുനലൂര്‍ നഗരസഭ. എംഎല്‍എ റോഡില്‍ മേലേപ്പറമ്പില്‍ വീട്ടില്‍ ഛത്രപതി ശിവജി എന്ന യുവാവ് മരിച്ചതായാണ് പുനലൂര്‍ നഗരസഭ സെക്രട്ടറി ഓംബുഡ്സ്മാന് സത്യവാങ്മൂലം നല്‍കിയത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബാലകലാഭവന്റെ മുകള്‍ നില ജിംനേഷ്യം തുടങ്ങാന്‍ ഛത്രപതി ശിവജി വാടകയ്ക്ക് ആവശ്യപ്പെട്ടിരുന്നു. 2019 ല്‍ നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് നഗരസഭ വൈകിപ്പിച്ചു. പിന്നീട് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കാട്ടി അപേക്ഷ നിരസിച്ചു. ഇതിനെതിരെ ഛത്രപതി ശിവജി ഓംബുഡ്സ്മാനെ സമീപിച്ചു. പരാതിയിന്മേല് ഓംബുഡ്സ്മാനില്‍ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് യുവാവ് മരിച്ചതായി നഗരസഭ സെക്രട്ടറി ഓംബുഡ്സ്മാന് സത്യവാങ്മൂലം നല്‍കിയത്. ഓണ്‍ലൈനായി നടക്കുന്ന വിചാരണയില്‍ ഛത്രപതി ശിവജി പങ്കെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു നഗരസഭ സെക്രട്ടറിയുടെ നടപടി.
പരാതിക്കാരന് മരണപ്പെട്ടതിനാല്‍ പരാതിയിന്മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചതായി ഓംബുഡ്സ്മാനില്‍ നിന്ന് കത്ത് ലഭിച്ചു. അപ്പോഴാണ് ജീവിച്ചിരിക്കുന്ന തന്നെ പരേതനാക്കി സെക്രട്ടറി റിപ്പോര്‍ട്ട് നല്കിയ കാര്യം അറിയുന്നത്. ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുവാവ്.