പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെയും, പാട്ടുമെല്ലാം ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രണവ് മോഹന്‍ലാലിന്റെ കരിയറില്‍ വലിയ മാറ്റം ഈ ചിത്രം കൊണ്ടുവരും എന്നതില്‍ സംശയമില്ല.
വളരെ കുറച്ച് സിനിമകളില്‍ മാത്രമേ പ്രണവ് അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ തനിക്ക് അഭിനയത്തോട് വലിയ താല്പര്യമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഒരു പ്രത്യേക തരം ജീവിതമാണ് പ്രണവിന്റെ. അത് എല്ലാവര്ക്കും തന്നെ അറിയാം. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇതിനോടകം നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. തന്റെ ആദ്യ സിനിമ ആദി റിലീസ് ചെയ്ത സമയത്ത് ഹിമാലയന്‍ യാത്രയിലായിരുന്നു പ്രണവ്.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല ഈ താരപുത്രന്. എന്നാല്‍ ഇപ്പോള്‍ പ്രണവ് പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹൃദയം സിനിമയുടെ വിജയത്തിന്റെ ആഘോഷം ഒരു വശത്ത് നടക്കുമ്പോള്‍, വീണ്ടും ഹിമാലയത്തിലേക്ക് യാത്ര പോയിരിക്കുകയാണ് താരം. യാത്രയ്ക്കിടെ പകര്‍ത്തിയ നിരവധി ചിത്രങ്ങളും പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുധ് വില്ലേജില്‍ നിന്ന് പാര്‍വതി വാലിയുടേയും ബദലിലെ ചാച്ചാ ചാച്ചി ധാബായുടേയും മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന കുന്‍സും ലാ – ചന്ദ്ര താല് റൂട്ടിലെ കാഴ്ചകളും സ്പിതി താഴ്വരയില് നിന്നുള്ള ചിത്രവുമൊക്കെ പ്രണവ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചവയിലുണ്ട്.
അതേസമയം ഹൃദയത്തില്‍ അരുണ്‍ നീലകണ്ഠന് എന്ന കഥാപാത്രത്തില്‍ ആണ് പ്രണവ് എത്തിയത്. ഈ കഥാപാത്രത്തിന്റെ ക്യാമറയില്‍ കാണിച്ച പല ചിത്രങ്ങളും പ്രണവ് യാത്രയ്ക്കിടെ പകര്‍ത്തിയതാണെന്ന് നേരത്തെ അഭിമുഖത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.