വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരീനാഥന് പൊലീസിന്റെ നോട്ടിസ്. വധശ്രമത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യല്‍. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ശബരീനാഥനും പങ്കാളിയാണെന്നാണ് പൊലീസ് കരുതുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് നിര്‍ദേശിക്കുന്നതിന്റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടിക്കറ്റ് എടുത്ത് നല്കിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട ഇ പി ജയരാജന് ഇന്‍ഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ മാത്രമാണ് മൂന്ന് പേര്‍ക്കും യാത്രാ വിലക്ക്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു.