സിപിഐഎം പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്ത്തകന് നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടൊരുക്കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞെന്ന് പൊലീസ്. അധ്യാപികയായ അണ്ടലൂര്‍ നന്ദനത്തില്‍ പി. രേഷ്മ സൗകര്യം ചെയ്തു നല്‍കിയത് സുഹൃത്തിന്റെ ഭര്‍ത്താവെന്ന നിലയിലാണെന്നാണ് പൊലീസ് പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
കേസില്‍ രേഷ്മയുടെ പങ്കില്‍ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രേഷ്മയുടെ ജീവന് ഭീഷണിയുണ്ട്. ഒരു വര്‍ഷമായി നിജിലും രേഷ്മയും തമ്മില്‍ പരിചയമുണ്ട്. വിഷുവിന് ശേഷമാണ് ഒളിവില്‍ കഴിയാന്‍ വീട് വേണമെന്ന് നിജില്‍ രേഷ്മയോട് ആവശ്യപ്പെട്ടതെന്നും കേസുമായി ബന്ധപ്പെട്ട് രേഷ്മയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടു.
നിജില്‍ ദാസിനെ ഒരു വര്‍ഷമായി അറിയാമെന്നും ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്നും രേഷ്്മ മൊഴി നല്‍കിയിരുന്നു. വിഷുവിന് ശേഷം ഒരു ദിവസം നിജില്‍ ദാസ് വിളിച്ചു. കുറച്ചു ദിവസം ഒളിവില്‍ കഴിയാനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ സൗകര്യം ഒരുക്കിയതെന്നും രേഷ്മ പൊലീസിനോട് വിശദീകരിച്ചിരുന്നു.
അതേസമയം നാല് ദിവസത്തേക്ക് പ്രതിദിനം 1500 രൂപ വാടകയില്‍ കരാര്‍ ഒപ്പിട്ട് വാങ്ങിയാണ് വീട് നല്‍കിയതെന്നാണ് രേഷ്മയുടെ ബന്ധുക്കള്‍ പറയുന്നത്. രേഷ്മയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് നിജിലിന്റെ ഭാര്യ ദിപിന. വീട്ടില്‍ കുറച്ചു പ്രശ്നങ്ങളുണ്ടെന്നും മാറി നില്ക്കാനൊരു വീടു വേണമെന്നും ദിപിനയാണ് ആവശ്യപ്പെട്ടതെന്നും ബന്ധുക്കള്‍ പറയുന്നു.