തൃശൂര്‍ കോര്‍പറേഷനിലെ അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൗണ്‍സിലര്‍മാരായ രാജന് പല്ലന്, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതിയിലാണ് നടപടി. മേയറുടെ മുറിയില്‍ നിന്ന് രേഖകള്‍ നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
തൃശൂര്‍ കോര്‍പ്പറേഷനില്‍ ചൊവ്വാഴ്ച നടന്ന കൗണ്‍സിലിനിടെയാണ് സംഭവം. മേയറുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി പെട്രോള്‍ കൊണ്ടുവന്ന് തീ കൊളുത്തി മേയറെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. കൗണ്‍സില്‍ ഹാള്‍ നശിപ്പിച്ചതിനും ചേംബറില്‍ അതിക്രമിച്ച് കയറിയതിനും ഔദ്യോഗിക വാഹനം നശിപ്പിച്ചതിനും, പ്രധാനപ്പെട്ട ചില രേഖകള്‍ മേയറുടെ ചേംബറില്‍ നിന്ന് നഷ്ടപ്പെട്ടതിനും കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ ചട്ടപ്രകാരവും കേസെടുത്തു.
അതേസമയം കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ മേയര്‍ എംകെ വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു തൃശൂര്‍ കോര്പ്പറേഷന് മേയര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം അഴിച്ചുവിട്ടത്.