കഴിഞ്ഞ ദിവസം പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് രണ്ട് ജീവനുകളാണ്. ജീവനൊടുക്കാന്‍ ശ്രമിച്ച ഗര്‍ഭിണിയും വയറ്റിലുണ്ടായിരുന്ന കുഞ്ഞുമാണ് രക്ഷപ്പെട്ടത്. കോട്ടയം കുമരകത്താണ് സംഭവം നടന്നത്. വിവാഹംകഴിച്ചയച്ച വീട്ടില്‍ പ്രശ്നമുണ്ടെന്നും ഉടന്‍ എത്തണമെന്നും അഭ്യര്‍ത്ഥിച്ചുള്ള യുവതിയുടെ അച്ഛന്റെ കോളാണ് പൊലീസിനെ വീട്ടില്‍ എത്തിച്ചത്. പൊലീസ് എത്തുമ്പോള്‍ തൂങ്ങി നില്ക്കുന്ന യുവതിയെയാണ് കാണുന്നത്.
കോട്ടയം-കുമരകം റോഡില്‍ ഇല്ലിക്കല്‍ ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എസ്.ഐ എം.എ നവാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. ഇതിനിടെയാണ് യുവതിയുടെ അച്ഛന്റെ ഫോണ്‍ കോള്‍ എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് വന്ന ഫോണ്‍ വിവരം ഇവര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടേയ്ക്ക് പുറപ്പെട്ടു.
ഏറെ ബുദ്ധിമുട്ടിയാണ് സ്ഥലം കണ്ടുപിടിച്ചത്. വണ്ടി ഇറങ്ങി മീറ്ററോളം നടന്നു. ഒടുവില്‍ വീട് കണ്ടെത്തി. വാതില്‍ തുറന്ന് അകത്തുകയറുമ്പോള്‍ ഇടതു ഭാഗത്തെ മുറിയില്‍ നിന്ന് ഞരക്കവും മൂളലും കേട്ടു. നോക്കുമ്പോള്‍ തൂങ്ങി നില്ക്കുന്ന യുവതിയെയാണ് കണ്ടത്. കയര്‍ മുറിച്ച് താഴെയിറക്കുമ്പോള്‍ ജീവമുണ്ട്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ അച്ഛന് എത്തിയ ശേഷമാണ് പൊലീസ് മടങ്ങിയത്. സ്കാനിംഗില്‍ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും യുവതി സുഖമായിരിക്കുന്നതായും പൊലീസ് അറിയിച്ചു.