ധീരജിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ കോളജില്‍ എത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ സംഘം ചേര്‍ന്നാണ് എത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രവേശിക്കുന്നത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തനമാക്കുന്നു.
നീരജിനെ കുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കൈയില്‍ കത്തി കരുതിയിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നിഖിലിന്റെ കൈവശം കത്തി ഉണ്ടായിരുന്നില്ല എന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദത്തിനെതിരാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, കൊലപാതകത്തിന് മുന്നോടിയായി ഏതെങ്കിലും വിധത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല.
തിങ്കളാഴ്ചയാണ് ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളജില്‍ ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ധീരജ് കൊല്ലപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നിഖില്‍ പൈലി ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍.