സംസ്കരിക്കാന്‍ പന്തലിടുന്നതിനിടെ ബന്ധുക്കളെ ഞെട്ടിച്ച് ആ വാര്‍ത്തയെത്തി. നിങ്ങള്‍ സംസ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ആള് മരിച്ചിട്ടില്ല, അതാ ബാറിലിരുന്ന് മദ്യപിക്കുന്നു. ബന്ധുക്കള്‍ പാഞ്ഞുപിടിച്ച് ബാറിലെത്തി. നോക്കുമ്പോള്‍ ശരിയാണ്, സംസ്കരിക്കാന്‍ പ്ലാനിട്ട ആള് അതാ ഇരുന്ന് മദ്യപിക്കുന്നു. അപ്പോള്‍ സംസ്കരിക്കാന്‍ തീരുമാനിച്ച ആ മൃതദേഹം ആരുടേതാണ്? പൊലീസിനും കണ്ഫ്യൂഷന്.
സംഭവം അങ്ങ് കോട്ടയത്താണ്. കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പഴയ ഒപി വിബാഗത്തിന് സമീപം വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി പരിസരത്ത് വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയുടേതാണ് മൃതദേഹമെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം നടത്തി. വൈകിട്ട് മരിച്ചയാളിന്റെ ബന്ധുക്കളും നാട്ടികാരും എത്തി. മൃതദേഹം തിരിച്ചറിയുകയും ചെയ്തു. പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇതിനിടെ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങള്‍ വീട്ടുകാര്‍ ചെയ്തു തുടങ്ങി. ഇതിനിടെയാണ് വില്ലൂന്നി സ്വദേശിയെ ബാറില്‍ കണ്ടതായുള്ള വിവരം ബന്ധുക്കളിലേക്കെത്തിയത്. ബന്ധുക്കള്‍ നേരെ ബാറിലെത്തി. ഇദ്ദേഹത്തേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. മെഡിക്കല്‍ കോളജ് പരിസരത്ത് മരിച്ച ആള് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.