കെ-റെയില്‍ പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായെത്തിയ എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തതായി ആരോപണം. എംപിമാരായ ഹൈബി ഈഡന്റെയും ഡീന്‍ കുര്യാക്കോസിന്റെയും മുഖത്തടിച്ചതായാണ് ആരോപണം. വനിത എം.പി രമ്യാ ഹരിദാസിനെ പൊലീസ് പിടിച്ചു വലിക്കുകയായിരുന്നുവെന്നും പൊലീസിന്റേത് തോന്നിവാസമാണെന്നും കെ. മുരളീധരന് എം.പി പറഞ്ഞു.
വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചു നടത്തുകയായിരുന്ന എംപിമാരെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. പൊലീസിന്റെ അതിക്രമം ജനാധിപത്യ ലംഘനമാണെന്നും തങ്ങളെ സംഘടിതമായി പൊലീസ് ആക്രമിക്കുകയായിരുന്നു എന്നും എംപിമാര്‍ തുറന്നടിച്ചു. പൊലീസ് ആക്രമണത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും എംപിമാര്‍ വ്യക്തമാക്കി.
കേരളത്തിലെ നാടകത്തിന്റെ തനിയാവര്‍ത്തനമാണ് ഡല്‍ഹിയില്‍ നടന്നതെന്ന് കെ.മുരളീധരന് എംപി പറഞ്ഞു. പൊലീസിന്റേത് പച്ചയായ ഗുണ്ടായിസമാണെന്നും സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പൊലീസ് കയ്യേറ്റം ചെയ്തതെന്നും രമ്യഹരിദാസ് എംപി പറഞ്ഞു.