പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍വച്ചാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയിറങ്ങിയത്. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ സ്കൂളിലെത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് നാലാം ക്ലാസുകാരി പാമ്പിനെ ചവിട്ടിയത്. ഉടന്‍ കുട്ടിയുടെ കാലില്‍ പാമ്പ് വരിഞ്ഞ് മുറുക്കുകയായിരുന്നു. പാമ്പ് ചുറ്റിയ വിവരം വിദ്യാര്‍ഥിനി തന്നെ അധ്യാപികയെ അറിയിച്ചു. പാമ്പ് കടിച്ചതായുള്ള സംശയത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി നിലവില്‍ ഉള്ളത്. പാമ്പുകടിയേറ്റത്തിന്റെ അടയാളങ്ങള്‍ ഒന്നും കുട്ടിയുടെ ശരീരത്തിലില്ലെന്നും 24 മണിക്കൂര്‍ കുട്ടിയെ നിരീക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സ്കൂളിലെത്തി.