വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാന പ്രതികളില്‍ ഒരാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
പ്രധാനപ്രതിയായ അഖിലിന്റെ അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്.അക്രമത്തിന് നേതൃത്വം നല്കിയ 12 പേരില്‍ ഒരാളാണ് പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഇവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. രണ്ടാം വര്‍ഷ ബിവിഎസ്പി വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്.
ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് സിദ്ധാര്‍ത്ഥ് മരിച്ചത്.
ഈ മാസം 14 മുതല്‍ 18 ഉച്ച വരെ സിദ്ധാര്ത്ഥന് ക്രൂര മര്‍ദനത്തിന് ഇരയായെന്നാണ് ദൃക്സാക്ഷിയായ വിദ്യാര്‍ത്ഥി പറഞ്ഞത്.
അതേസമയം കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എന്നാല്‍, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന് പ്രസിഡന്റ് അരുണ്‍ എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്.
ആത്മഹത്യാ പ്രേരണ, മര്‍ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.