ഹൃദയസ്തംഭനം സംഭവിച്ച ഗര്‍ഭിണിയേയും കുഞ്ഞിനേയും രക്ഷിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. അസമില്‍ നിന്നുള്ള ജ്യോതി സുനാറാണ് മെഡിക്കല്‍ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത്. പെരിമോര്‍ട്ടം സിസേറിയനാണ് യുവതിക്ക് നടത്തിയത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറെയായിരുന്നു ജ്യോതി സുനാര് കാണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച അമിത രക്തസ്രാവവുമായി അവര്‍ ആശുപത്രിയിലെത്തി. വിശദമായ പരിശോധനയില്‍ സ്ഥിതി സങ്കീര്‍ണമാണെന്ന് കണ്ടെത്തി.
അമ്നിയോട്ടിക് സഞ്ചിയുടെ സ്തരം പൊട്ടിയ അവസ്ഥയിലായിരുന്നു യുവതി. മറുപിള്ള വേര്‍പെടുകയും ഗര്‍ഭസ്ഥശിശു രക്തത്തില്‍ കലര്‍ന്ന അമ്നിയോട്ടിക് ദ്രാവകത്തില്പ്പെട്ട് ശ്വാസം കിട്ടാത്ത അവസ്ഥയിലുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയക്കൊരുങ്ങി. ഇതിനിടെ യുവതിക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ വന്നു. പെട്ടെന്ന് ഹൃദയസ്തംഭനവും സംഭവിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പെരിമോര്‍ട്ടം സിസേറിയന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വളരെ വേഗത്തില്‍ അനസ്തേഷ്യ നല്‍കാതെ ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ജ്യോതി സുനാറിന്റെ നാലാമത്തെ പ്രസവമായിരുന്നു ഇത്.