കോട്ടയം: ബിജെപി തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന് തടസം നിന്നുവെന്ന് പി സി ജോര്‍ജ്.
അയാളാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. എല്ലാ പാര്‍ടിയുടെയും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് വെള്ളാപ്പള്ളിയാണ്.
പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവര്‍ത്തിച്ച തുഷാര്‍ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പ്രതിഫലം ദൈവം കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
വിവരദോഷിയാണെങ്കിലും എസ്എന്‍ഡിപിയെ ശാക്തീകരിച്ചത് വെള്ളാപ്പള്ളിയാണ്. അതുകൊണ്ട് വെള്ളാപ്പള്ളിയോട് ക്ഷമിക്കുന്നു. തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് പരാതി പറഞ്ഞാല്‍ പോകാന്‍ പറയും.
അച്ഛന് വെള്ളാപ്പള്ളി സിപിഐഎമ്മും മകന് ബിജെപി യുമാണ്. ഇരുവരുടേയും കച്ചവടതന്ത്രമാണത് എന്നും പിസി ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ ക്രൈസ്തവ സംഘടനകള്‍ക്ക് നിരാശയുണ്ട്. ആ നിരാശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം.
പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയില്‍ ജൂനിയറാണ് താന്‍. സ്ഥാനാര്‍ത്ഥിത്വം ആരോടും ചോദിച്ചില്ല. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും എന്നും പിസി പറഞ്ഞു.
പത്തനംതിട്ടയില്‍ പി സി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം ഇതിനെ എതിര്‍ത്തെന്നും കെ സുരേന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്ന് അനില്‍ ആന്റണിയെ പാര്‍ട്ടി തിരഞ്ഞെടുത്തെന്നുമാണ് വിവരം. ഇന്നലെയാണ് അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചത്.