മലയാള സിനിമയ്ക്ക് ഒരു രാഷ്ട്രീയ മുഖം ഉണ്ടെങ്കിൽ അത് പാർവതി തിരുവോത്ത് ആണെന്ന് പറയാം. ശക്തമായ രാഷ്ട്രീയമാണ് എപ്പോഴും താരം വെട്ടിത്തുറന്നു പറയാറുള്ളത്. താരം ചെയ്യുന്ന കഥാപാത്രങ്ങൾ പോലെ തന്നെ വളരെ ശക്തമായ നിലപാടുകൾ ആണ് താരം എപ്പോഴും എടുക്കാറുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു താരം അഭിനയിച്ച വർത്തമാനം എന്ന സിനിമ പുറത്തിറങ്ങിയത്. ഡൽഹിയിൽ റിസർച്ചിനു വേണ്ടി എത്തുന്ന ഒരു മുസ്ലിം പെൺകുട്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ആണ് ചിത്രത്തിൽ പറയുന്നത്. സിനിമ വളരെയധികം പ്രേക്ഷക പ്രശംസ നേടി കൊണ്ട് മുന്നേറുകയാണ്. ഇപ്പോൾ തൻ്റെ രാഷ്ട്രീയനിലപാടുകൾ വീണ്ടും വ്യക്തമാക്കുകയാണ് പാർവതി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ആയി പാർവതി മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകൾ മാതൃഭൂമി നൽകിയിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം തള്ളിക്കൊണ്ട് പാർവതി തന്നെ രംഗത്ത് വരികയായിരുന്നു. എവിടുന്നാണ് ഇത്തരം വാർത്തകൾ കിട്ടുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു പാർവ്വതിയുടെ പ്രതികരണം. കഴിഞ്ഞദിവസം പാർവതി നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു തൻറെ രാഷ്ട്രീയ നിലപാട് വീണ്ടും പാർവതി വ്യക്തമാക്കിയത്. വർത്തമാനം എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനമായിരുന്നു താരം നടത്തിയത്. എന്തുകൊണ്ടാണ് ഭരണകൂടത്തെ വിമർശിക്കുന്ന അല്ലെങ്കിൽ ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങളെ വീണ്ടും വീണ്ടും താങ്കൾ അവതരിപ്പിക്കുന്നത് എന്നതായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം എന്ന നിലയിലായിരുന്നു തൻറെ രാഷ്ട്രീയനിലപാട് പാർവതി വ്യക്തമാക്കിയത്.
താൻ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നത് ആണെന്നും അതുകൊണ്ടുതന്നെ ഇത്തരം കഥാപാത്രങ്ങൾ ഇനിയും ചെയ്യുമെന്നും താരം പറയുന്നു. കഴിഞ്ഞ 15 വർഷത്തെ സിനിമ അനുഭവം കൊണ്ട് നേടിയെടുത്തതാണ് താൻ ഈ നിലപാടുകൾ. ഭരണകൂടത്തെ ചോദ്യം ചെയ്യുവാനും വിമർശിക്കുവാനും തനിക്ക് ഒരു കാര്യവുമില്ല. സിനിമയും രാഷ്ട്രീയവും തനിക്ക് ഒരുപോലെയാണ്. രാഷ്ട്രീയത്തിൽ നിന്നും പാർവ്വതിയെയോ പാർവതിയിൽ നിന്നും രാഷ്ട്രീയത്തെയോ മാറ്റി നിർത്തുവാൻ സാധിക്കില്ല എന്നും താരം വെളിപ്പെടുത്തുന്നു.
വർത്തമാനം എന്ന സിനിമയുടെ കഥ ആദ്യമായി കേൾക്കുന്നത് 2017 വർഷത്തിലാണ്. അന്നുതന്നെ ഏറെ പ്രസക്തിയുള്ള വിഷയം ആയിരുന്നു ഇത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ കഥയുടെ പ്രസക്തി വീണ്ടും വർധിച്ചു. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത് എന്നും പാർവതി പറയുന്നു. സിനിമയിൽ പറയുന്ന കഥാസന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീടു യഥാർത്ഥത്തിൽ നടന്നത് തന്നെ ഏറെ ഞെട്ടിച്ചുവെന്നും പാർവതി വെളിപ്പെടുത്തുന്നു.