കുറച്ചുകാലമായി നടി പാര്‍വതി തിരുവോത്തിനെ സോഷ്യല്‍ മീഡിയയില്‍ ഒന്നും കാണാത്തത്. പലരും പാര്‍വതി സിനിമാ തിരക്കുകള്‍ക്കിടയില്‍ ആയിരിക്കും എന്നാണ് കരുതിയിരുന്നത്. അതായിരിക്കാം സോഷ്യല്‍ മീഡിയയില്‍ ഒന്നും വരാത്തത് എന്ന് പ്രേക്ഷകര്‍ കരുതിയിരുന്നത്. ഇപ്പോഴിതാ താന്‍ ബുളീമിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചതിനെക്കുറിച്ചാണ് പാര്‍വതി പറയുന്നത്. ബുളീമിയ എന്ന രോഗാവസ്ഥ ശരിക്കും തന്നില്‍ ഉണ്ടാക്കിയ മാനസിക പ്രശ്നങ്ങളെക്കുറിച്ചും നടി വ്യക്തമായി പറയുന്നു . ഇപ്പോള്‍ ഇതേ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി മനസ്സുതുറന്ന് സംസാരിക്കുന്നത് .
‘വര്‍ഷങ്ങളോളം ഞാന്‍ എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാവുന്നതിനെ കുറിച്ച് എന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും പറയുമായിരുന്നു. മാത്രമല്ല എന്റേത് നല്ല ആകൃതിയിലുള്ള, ഭംഗിയുള്ള താടിയല്ലെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. അതോടെ ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. ചില സമയങ്ങളില്‍ മാത്രം മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.
പുറത്ത് ഏതെങ്കിലും പരിപാടികള്‍ക്ക് പോവുമ്പോഴും ജോലി സ്ഥലത്തും ഞാന്‍ തനിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് പലപ്പോഴും ആളുകള്‍ കമന്റ് ചെയ്യുമെന്നതായിരുന്നു അതിന്റെ കാരണം.
ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ പലരും എന്നോട് ‘കുറച്ച് കഴിച്ചൂടെ’ എന്ന് ചോദിച്ചിട്ടുണ്ട്. അത് കേള്‍ക്കുന്നതോടെ പിന്നെ എനിക്ക് ഒന്നും കഴിക്കാന്‍ സാധിക്കാതായി. ഞാന്‍ അവസാനം കണ്ടതിലും നീ തടി വച്ചോ? കുറച്ചു മെലിയണം . ഓ..നീ തടി കുറഞ്ഞോ? നന്നായി . നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ?
നീ ഭക്ഷണം കൂടുതലായി കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും. മാരിയാന്‍ സിനിമയിലെപ്പോലെ നിനക്ക് തടി കുറച്ചൂടെ! ഇങ്ങനെ തുടങ്ങി തങ്ങള്‍ പറയുന്നതെല്ലാം നല്ലതിന് വേണ്ടിയാണെന്നും അതെല്ലാം തമാശമായി മാത്രം എടുത്തുകൂടെ എന്നുള്ള കമന്റുകളൊന്നും എന്റെ ശരീരം കേട്ടിരുന്നില്ല. ആളുകള്‍ പറയുന്നതെല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും ഞാന്‍ തന്നെ സ്വയം അത്തരം കമന്റുകള്‍ എന്നോട് പറയാനും തുടങ്ങി. അതിന് ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു.
അത്തരം വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല. വൈകാതെ തന്നെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. അതില്‍ നിന്നും പുറത്തുവരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രയത്നം വേണ്ടിവന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും, ഫിറ്റ്നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെ ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി.