പാലക്കാട് കൊല്ലങ്കോട് തീകൊളുത്തി ഗുരുതരമായി പരുക്കേറ്റ യുവാവും പെണ്‍കുട്ടിയും മരിച്ചു. ബാലസുബ്രഹ്മണ്യം (23), ധന്യ (16) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവ് തീകൊളുത്തുകയായിരുന്നു.
ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരേയും ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു. ഇതാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മുറിയില്‍വച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. സംഭവ സമയം യുവാവിന്റെ അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുറിയില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മ കാര്യം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് കൂട്ടി ഇരുവരേയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.