സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തിരൂരങ്ങാടി സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്.
ജൂലൈ 27ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ യാത്രചെയ്തവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് കുരുങ്ങുവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആദ്യമായി രോഗം സ്ഥിരീകരിച്ച രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് പുറത്തിറിക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കുരങ്ങുവസൂരി സ്ഥിരീകരിച്ച് യുവാവ് മരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ആളാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. യുഎഇയില്വച്ചാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് നാട്ടിലെത്തി. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു.