സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ആള് നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ച ആള് ഈ മാസം ആറിനാണ് യുഎഇയില്‍ നിന്നെത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് 3 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തും കണ്ണൂരിലുമാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്ന എല്ലാവര്ക്കും ആരോഗ്യ പരിശോധന കര്‍ശനമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന നടത്തണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്. വിദേശത്തുനിന്നെത്തുന്നവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ കര്‍ശന പരിശോധനകള്‍ വേണമെന്ന് നിര്‍ദേശം നല്കി.