കണ്ണൂര്‍ ബോംബേറ് കൊലയില്‍ ഒരാള്‍ അറസ്റ്റില്‍. എച്ചൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. റിജുല്‍, സനീഷ്, ജിജില്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
സംഭവത്തില്‍ ഗുരുതര ആരോപണവുമായി കണ്ണൂര്‍ മേയര്‍ ടി. ഒ മോഹനന് രംഗത്തെത്തി. ബോംബേറ് നടത്തുന്നതിന് മുന്‍പ് പ്രതികള്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തിയെന്ന് മേയര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി നടന്ന വിവാഹ സത്കാരത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം, അര്‍ധരാത്രി ഒരു മണിക്ക് ശേഷം എച്ചൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രൗണ്ടില്‍വച്ച് ഉഗ്ര സ്ഫോടനം ഉണ്ടായി. ഇത് നാട്ടുകാര്‍ കേട്ടിരുന്നുവെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. എച്ചൂര്‍ പാതിരിക്കാട് സ്വദേശിയായ സി.എം ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. തോട്ടടയിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു ജിഷ്ണു. കല്യാണം കഴിഞ്ഞ് വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴുന്ന ആഹ്ലാദപ്രകടനത്തിനിടെ എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റിയാണ് ജിഷ്ണുവിന്റെ തലയില്‍ കൊണ്ടത്. രണ്ട് ബോംബാണ് എറിഞ്ഞത്. അതില്‍ ഒന്നാണ് പൊട്ടിയത്. പൊട്ടാത്ത ഒന്ന് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. ആദ്യത്തെ ബോംബ് പൊട്ടാത്തതിനെതുടര്‍ന്നാണ് രണ്ടാമത്തെ ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്.