ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമായിരുന്നു നല്ല സമയം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇര്‍ഷാദ് നായകനായി എത്തിയ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വിവാദത്തിലും ഇടം പിടിച്ചിരുന്നു.
എക്സൈസ് ചിത്രത്തിന്റെ ട്രൈയിലറിന് എതിരെ കേസ് എടുത്തിരുന്നു. അതിമാരക ലഹരി വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ചിത്രത്തിന് എതിരെ കേസ് എടുക്കാനുണ്ടായ പരാതി.
പിന്നാലെ സംവിധായകനും നിര്‍മ്മാതാവിനും എക്സൈസ് നോട്ടീസും നല്‍കിയിരുന്നു. കേസ് എടുത്തതിന് പിന്നാലെ ചിത്രം തീയറ്ററില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ചിത്രം പിന്‍വലിക്കുന്ന കാര്യം ഒമര്‍ അറിയിച്ചത്. അതേസമയം സിനിമ പിന്‍വലിച്ചതാണോ, തീയറ്ററില്‍ ആളില്ലാത്ത കാരണം തീയറ്ററുകാര് എടുത്ത് കളഞ്ഞതാണോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
ഇര്‍ഷാദും കുറച്ച് പുതുമുഖങ്ങളെയും കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ചെയ്ത ചിത്രമായിരുന്നു നല്ല സമയം. ഒടിടിക്ക് വേണ്ടി ചെയ്യുന്ന സിനിമ എന്നായിരുന്നു ആദ്യം ഒമര്‍ അറിയിച്ചത്. പിന്നീട് തീയറ്റര്‍ റിലീസിന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീയറ്ററില്‍ എത്തിയ ദിവസം തന്നെ ചിത്രം വിവാദത്തില്‍ പെടുകയായിരുന്നു.