മലയാളികളുടെ പ്രിയതാരം ആണ് നിവിൻ പോളി. ആരാധകർ സ്നേഹത്തോടെ പോളിച്ചായൻ എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. തനതാർന്ന കോമഡികളിലൂടെ ആണ് നിവിൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കനകം കാമിനി കലഹം എന്ന ചിത്രമാണ് നിവിൻ നായകനായി ഏറ്റവുമൊടുവിൽ ഇറങ്ങിയത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഇത് റിലീസ് ചെയ്തത്.
വളരെ വ്യത്യസ്തമാർന്ന ഒരു ഹാസ്യ കഥയായിരുന്നു ഇത്. പോളി ജൂനിയർ പിക്ച്ചേഴ്സ് ബാനറിൽ ചിത്രം നിർമ്മിച്ചത് നിവിൻപോളി തന്നെയായിരുന്നു. ഇപ്പോഴിതാ താരം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ശേഖര വർമ രാജാവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അനുരാജ് മനോഹർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ്ക് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ഇദ്ദേഹം.
നിരവധി ചിത്രങ്ങൾ നിവിൻപോളിയുടെതായി പുറത്തിറങ്ങാൻ ഉണ്ട്. താരം നായകനാകുന്ന തുറമുഖം, പടവെട്ട് എന്ന ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. അടുത്തമാസം ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സൂചന. പുതിയ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് രഞ്ജിത്ത് ആണ്. പേരന്പ് എന്ന ചിത്രത്തിനുശേഷം റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിവിൻ പോളിയാണ് നായകൻ.
നേരത്തെ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് കനകം കാമിനി കലഹം എന്ന ചിത്രം സംവിധാനം ചെയ്തത്. നിവിൻ്റെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങും എന്നാണ് സൂചന.