തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസില്‍ അമ്മയും അറസ്റ്റില്‍. കൊല്ലപ്പെട്ട ബാബുവിന്റെയും കേസിലെ പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ മൂന്ന് പേര് അറസ്റ്റിലായി.
സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയുടെയും അറസ്റ്റ്.
കഴിഞ്ഞ മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരന് സാബുവിന്റെ മൊഴി. എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരന് സാബു കുഴിച്ച് മൂടിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു.