പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന് പൊലീസിന്റെ വഴിവിട്ട സഹായം ലഭിച്ചതായി വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് മോന്‍സണിന്റെ വീട്ടില്‍ തേങ്ങയും മീനും മറ്റും എത്തിച്ചത് ഡിഐജിയുടെ ഔദ്യോഗിക വാഹനത്തിലെന്നാണ് മുന്‍ ഡ്രൈവര്‍ ജെയ്സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മോന്‍സണിന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തില്‍ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സണ്‍ പറഞ്ഞു.
ഐ.ജി ലക്ഷ്മണയ്ക്കെതിരെയും ആരോപണമുണ്ട്. കൊവിഡ് കാലത്ത് മോന്‍സണിന്റെ കൂട്ടുകാര്‍ക്കായി ഐ.ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകള്‍ നല്‍കിയെന്നാണ് ആരോപണം. മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ.ജിയുടെ പേരിലാണ് പാസ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്ന വാട്സ്ആപ് ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്.
മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരുടെ ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചെന്നും ആരോപണമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താന്‍ പരിമിതികള്‍ ഉണ്ട്. യാഥാര്‍ത്ഥ പ്രതികള്‍ പലരും ഇപ്പോഴും പിടിയിലായില്ലെന്നും സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നില്‍ക്കുന്നതാണ് തട്ടിപ്പെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
മോന്സന് മാവുങ്കലിനെതിരായ കേസില്‍ ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കുന്നുണ്ട്. ഐ.ജി ലക്ഷ്മണയടക്കമുളള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാനായി ഈ മാസം 10ല്‍ നിന്ന് മാറ്റുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്.