മലയാള സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.
കൊവിഡിന് മുന്നേ ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു റാം. എന്നാല്‍ ലോക്ഡൗണും മറ്റ് പ്രശ്നങ്ങളും കാരണം ചിത്രം നീണ്ടുപോയിരുന്നു. എന്നാല്‍ ചിത്രം എത്താന്‍ ഇനിയും വൈകുമെന്നാണ് ജീത്തു ജോസഫ് അറിയിക്കുന്നത്.
തങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ സിനിമ വൈകുന്നമെന്നാണ് ജീത്തു ജോസഫ് അറിയിക്കുന്നത്. അന്‍പത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.
റാമിന്റെ പ്രശ്നം എന്താണെന്നാല്‍ കേരളത്തിലും പുറത്തുമായി ഷൂട്ട് ചെയ്യേണ്ട സിനിമയാണ്. യുകെ യിലും മൊറോക്കോയിലും ഷൂട്ട് കഴിഞ്ഞു. ഇനി ട്യുണീഷ്യയിലും ഷൂട്ട് ചെയ്യാനുണ്ട്. കൂടാതെ ഇന്ത്യയിലും കുറച്ചു ഭാഗം ബാക്കിയുണ്ട്.
ഞങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ അത് എക്സ്ക്യൂട്ട് ചെയ്തെടുക്കാന്‍ സാധിക്കുന്നില്ല. പല കാരണങ്ങള്‍ ഉണ്ട്. പുറത്തു നിന്നുള്ള ഒരുപാടാളുകള്‍ ഈ സിനിമയില്‍ ഉണ്ട് അവരുടെ ലഭ്യത, ലാല്‍ സാറിന്റെ ഡേറ്റ്, അങ്ങനെ കുറെ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് ചിത്രം പതുക്കെ പതുക്കെ നീങ്ങുന്നത്.
അമ്പത് ദിവസത്തെ ഷൂട്ട് കൂടെ ബാക്കിയുണ്ട്. അത് കൂടെ തീര്‍ന്നാല്‍ റാം ഫിനിഷാകും. അത് എത്രയും വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ എന്നാണ് ക്യൂവിനോട് ജീത്തു ജോസഫ് പറയുന്നത്.
സിനിമ ഇനിയും വൈകുമെന്ന വാര്‍ത്ത കേട്ട് നിരാശയിലാണ് ആരാധകര്‍. മലയാളത്തിന്റെ ധ്രുവനച്ചത്തിരം ആവുകയാണോ റാം എന്നാണ് ഇവര്‍ ചോദിക്കുന്നത്. ചിത്രം വൈകുന്നത് കൊണ്ടാണ് ആരാധകര്‍ ഈ ചോദ്യം ചോദിക്കുന്നത്.
വിക്രം നായകനായി എത്തുന്ന ധ്രുവ നച്ചത്തിരത്തിന് വേണ്ടി ഏഴ് വര്‍ഷമായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ജൂലൈ 14 ന് ചിത്രം എത്തുമെന്നാണ് ഒടുവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
അതേസമയം ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതുന്ന റാമില്‍ തൃഷ, ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ശ്യാമാണ്. അഭിഷേക് ഫിലിംസ് പാഷന് സ്റ്റുഡിയോസിന്റെ കീഴില്‍ രമേശ്. പി. പിള്ള, സുധന് സുന്ദരം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത്.