ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡീപ് ഫെയ്ക് എന്നിവയെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ദീപാവലി മിലന് പരിപാടിയുടെ ഭാഗമായി പാര്‍ട്ടി ആസ്ഥാനത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടിമാരുടെ ഡീപ്ഫെയ്ക് വിഡിയോകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ പ്രതികരണം.താന്‍ പാടുന്ന തരത്തിലൊരു വിഡിയോ അടുത്തിടെ കാണാനിടയായെന്നും മോദി പറഞ്ഞു.
”ഡീപ് ഫെയ്ക് വിഡിയോ നിര്‍മിക്കാന്‍ എഐ ഉപയോഗിക്കുന്നതു വലിയ ആശങ്കയുണ്ടാക്കുന്നു. ഡീപ് ഫെയ്ക്കുകളെ പ്രത്യേക സൂചന നല്കി അടയാളപ്പെടുത്തണമെന്നു ചാറ്റ്ജിപിടിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നവയ്ക്കു മുന്നറിയിപ്പ് നല്‍കണം.
എഐയുടെ ഇക്കാലത്ത് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതു സുപ്രധാനമാണ്. വിഷയത്തെപ്പറ്റി മാധ്യമങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം” മോദി വ്യക്തമാക്കി.”അടുത്തിടെ ഞാന്‍ പാടുന്നൊരു വിഡിയോ കാണാനിടയായി. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഫോര്‍വേഡ് ചെയ്തതാണ്.” ഡീപ് ഫെയ്ക് വിഷയം ഉന്നയിക്കവേ ഉദാഹരണമായി പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് എതിരെ നടി എത്തിയതോടെ വിഷയം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കൂടാതെ നടി കാജോളിന്റെ ഡീപ് ഫേക്ക് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.