കേരളത്തില്‍ ഫെബ്രുവരി 22 മുതല്‍ പുതിയ റിലീസുകള്‍ അനുവദിക്കില്ലെന്ന തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തീരുമാനം തള്ളി നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍.
നിലവില്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് ഇരുസംഘടനകളും പറഞ്ഞു.
സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം പറഞ്ഞത്.
22 ന് റിലീസ് പ്രഖ്യാപിച്ച ശ്രീഗോകുലം മൂവീസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഫെബ്രുവരി 22ന് തന്നെയും, തുടര്‍ചിത്രങ്ങള്‍ തീരുമാനിച്ച തിയതികളില്‍ തന്നെയും പ്രദര്‍ശനത്തിനെത്തുമെന്നും സംഘടനകള്‍ അറിയിച്ചു.
സംഘടനകളോട് ഊഷ്മളബന്ധം പുലര്‍ത്തുന്ന കേരളത്തിലെ തിയേറ്ററുകള്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് കരാറിലേര്‍പ്പെട്ടുകൊണ്ട് അറിയിച്ചിട്ടുണ്ടെന്ന് സംഘടനകള്‍ അറിയിച്ചു.
ഈ തീയേറ്ററുകളുമായി തുടര്‍ന്നും സഹകരിക്കുമെന്നും ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടര്‍ സഹകരണം വേണ്ടതില്ല എന്നാണ് തീരുമാനമെന്നും സംഘടനകള്‍ വ്യക്തമാക്കി.
തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ് ഫെബ്രുവരി 22 മുതല്‍ പുതിയ റിലീസുകള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് അതിവേഗം ഒടിടി പ്ലാറ്റുഫോമുകളില്‍ വരുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.