കെഎസ്ഇബിയിലെ പ്രശ്നപരിഹാരത്തിന് മാനേജ്മെന്റിന്റെ ഇടപെടല്‍ ഉടനുണ്ടാകും. സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് സൂചന. മാനേജ്മെന്റ് സമരക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് കഴിഞ്ഞ ദിവസം വൈദ്യുത മന്ത്രി ചെയര്മാന് നല്കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സമവായത്തിനുള്ള മാനേജ്മെന്റ് നീക്കം.
സമരം ചെയ്യുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളുമായി ഡയറക്ടര്‍ ഫിനാന്‍സ് ഇന്ന് ചര്‍ച്ച നടത്തിയേക്കും. ചെയര്മാന് ബി അശോക് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. നാളെ മുതല്‍ തുടര്‍ച്ചയായി അവധി ദിനം ആയതിനാല്‍ ഇന്ന് തന്നെ പ്രശ്നം പരിഹരിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
അതേസമയം തങ്ങളെ ഇതുവരെ ചര്‍ച്ചക്ക് ക്ഷണിച്ചില്ലെന്ന് അസോസിയേഷന് നേതാക്കള്‍ പറഞ്ഞു. സംഘടനാ നേതാക്കളുടെ സസ്പെന്ഷന് പിന്‍വലിക്കുന്നതിലും തീരുമാനം ഉണ്ടാകും. സസ്പെന്ഷന് കുറ്റപത്രത്തിന് നേതാക്കള്‍ നല്‍കിയിരിക്കുന്ന വിശദീകരണം പരിശോധിച്ച ശേഷമാകും തുടര്‍നടപടി. സംഘടനാ പ്രവര്‍ത്തനം മാത്രമേ നടത്തിയിട്ടുള്ളു എന്നും സസ്പെന്ഷന് പിന്‍വലിക്കണം എന്നുമാണ് അസോസിയേഷന് പ്രസിഡന്റ് എംജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍ എന്നിവര്‍ പറഞ്ഞിരിക്കുന്നത്.