ആലുവയില്‍ മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അച്ഛന് കുഴഞ്ഞുവീണ് മരിച്ചു. നീറിക്കോട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നീറിക്കോട് സ്വദേശികളായ നിധിന്, തൗഫീഖ് എന്നിവരാണ് പിടിയിലായത്. മകനെ മര്‍ദിക്കുന്നത് തടയുന്നതിനിടെയാണ് വിമല്‍കുമാര്‍ കുഴഞ്ഞുവീണ് മരിച്ചത്.
ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലംപറമ്പില്‍ വീട്ടില്‍ വിമല്‍ കുമാര്‍ (54) ആണ് മരിച്ചത്. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമല്‍ കുമാരിന്റെ മകന് രോഹിനെ മര്‍ദിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് രോഹിന് പറയുന്നു.
റോഡില്‍ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാന്‍ പോയ രോഹിനും സുഹൃത്തും ബൈക്ക് യാത്രികരുമായി വാക്കുതര്‍ക്കം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്കില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നില്‍ മകനെയും സുഹൃത്തിനെയും മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ വിമല്‍ കുമാറിനെ തള്ളി താഴെ ഇട്ട് മര്‍ദിക്കുകയായിരുന്നു. മകനെ മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാനായി വീട്ടില്‍ നിന്നും ഓടിയെത്തിയതാണ് വിമല്‍. ഇതിനിടെ യുവാക്കള്‍ വിമലിനെയും മര്‍ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വിമല്‍ കുമാറിനെ അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നത്.