സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെ ആത്മകഥയുമായി എം. ശിവശങ്കര്‍. സ്വര്‍ണക്കടത്ത് കേസില്‍ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന സുരേഷ് നേരിട്ടെത്തി തന്റെ സഹായം തേടിയെന്ന് എം. ശിവശങ്കര്‍ ആത്മകഥയില്‍ പറയുന്നു. കസ്റ്റംസ് നടപടികളില്‍ ഇടപെടുന്നത് ശരിയല്ലെന്ന മറുപടി നല്കി. സ്വപ്നക്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ശിവശങ്കര്‍ പറഞ്ഞു.
‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ശനിയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഡിസി ബുക്സാണ് പ്രസാധകര്. സ്വര്‍ണക്കടത്ത് കേസ് മുതല്‍ ജയില്‍ മോചനം വരെയുള്ള അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥയെന്നാണ് പുസ്തകത്തിന്റെ കവറില്‍ പറയുന്നത്.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സത്യാനന്തരകാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും എങ്ങനെയൊക്കെയാകും അനുഭവിക്കേണ്ടി വരികയെന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നാണ് പുസ്തകത്തില്‍ പ്രസാധകര് പറയുന്നത്.