സുബീഷ് സുബി നായകനാവുന്ന ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
റിലീസും നിശ്ചയിച്ച് സംസ്ഥാനത്തുടനീളം പോസ്റ്ററുകളൊട്ടിക്കുകയും ചെയ്തശേഷമായിരുന്നു ചിത്രത്തിന്റെ പേരിലെ ഭാരത എന്ന വാക്കുമാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഒരു സര്‍ക്കാര്‍ ഉത്പ്പന്നം എന്ന് പേരുമാറ്റി സിനിമ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിത സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന് എതിരെ പ്രതികരണവുമായി സംവിധായകനും ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുകയും ചെയ്ത ലാല്‍ ജോസ് രംഗത്ത് എത്തിയിരിക്കുകയാണ്.
സിനിമയുടെ പേരുമാറ്റിയതിന്റെ ഭാഗമായി പോസ്റ്ററിലെ ഭാരത എന്ന വാക്കിനുമുകളില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് കറുത്ത സ്റ്റിക്കറൊട്ടിച്ചു.
ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം വിചിത്രമാണെന്നാണ് ലാല്‍ ജോസ് പ്രതികരിച്ചത്.
ഇത് വിചിത്രമായ സാഹചര്യമാണ് എന്ന് ലാല്‍ ജോസ് പറഞ്ഞു. ഒരു രാഷ്ട്രീയപ്പാര്‍ട്ടികളേക്കുറിച്ചും ഒന്നും പറയാത്ത തമാശപ്പടമാണിത്. സിനിമയില്‍ യാതൊരുവിധ രാഷ്ട്രീയ ചര്‍ച്ചകളും ഇല്ല.
ഈ സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചത് ആ പേരാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഈ പേര് കേട്ടപ്പോളാണ് മുഖത്ത് ചിരി വിടര്‍ന്നത്.
അപ്പോഴാണ് കഥയെന്താണെന്ന് അന്വേഷിച്ചത്. അത് കേട്ട് ഇഷ്ടമായതുകൊണ്ടാണ് ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും ലാല്‍ ജോസ് വ്യക്തമാക്കി.
റിലീസാവുന്നതിന് ഒരാഴ്ച മുമ്പ് സിനിമയുടെ പേര് മാറ്റണമെന്നുപറയുന്നത് ഒരുയുക്തിക്കും നിരക്കാത്തതാണ് എന്നും ലാല്‍ ജോസ് പറഞ്ഞു.
ബാലിശമായൊരു വാശിയാണ് സെന്‍സര്‍ബോര്‍ഡ് ഈ ചിത്രത്തോടുകാണിച്ചത്. സിനിമകണ്ട സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ഈ തീരുമാനമെടുത്തതെന്ന് അറിയുമ്പോഴാണ് ഇനി നമ്മള് നേരിടാന്‍പോകുന്ന കാര്യങ്ങളെത്ര വിചിത്രങ്ങളാണെന്ന് മനസിലാകുകയെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
ഭാരത് എന്നുപേരുള്ള ഹിന്ദി സിനിമ ഉടന്‍ റിലീസാവുന്നുണ്ട്. അതിന്റെ സ്ഥിതി എന്താകുമെന്നറിയില്ല എന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് നേരത്തേ സ്വീകരിച്ചിരുന്ന നിലപാട്. തുടര്‍ന്ന് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ചിത്രത്തിന്റെ പേരില്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റംവരുത്തി.
സുബീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുട ഇതിവൃത്തം.