കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
കേസിലെ നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.
രേഖാചിത്രം പുറത്തുവിടുന്നതോടെ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം
പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
എന്നാല്‍ അതില്‍ മുഖം വ്യക്തമായിരുന്നില്ല. ഇതോടെയാണ് രേഖ ചിത്രം തയ്യാറാക്കിയത്. അതേസമയം ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം.
ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ് പരിശോധന പൂര്‍ത്തിയായി. ഭീകരവാദ, മാവോയിസ്റ്റ് ബന്ധം പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി. സംഭവത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്.
ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ട്രാക്കില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്